
ടുണീസ്:അൾജീരിയയിലെ ടുണീസിലുള്ള ആസ്ഥാനത്ത് നടന്ന അറബ് സ്റ്റേറ്റ്സ് ബ്രോഡ്കാസ്റ്റിംഗ് യൂണിയൻ (ASBU) റേഡിയോ സ്ഥിരം സമിതിയുടെ 37-ാമത് യോഗത്തിൽ ഖത്തർ മീഡിയ കോർപ്പറേഷന് കീഴിലുള്ള ഖത്തർ റേഡിയോ പങ്കെടുത്തു. സമിതിയുടെ രണ്ടാം ഡെപ്യൂട്ടി ചെയർമാൻ പദവി വഹിക്കുന്ന ഖത്തർ റേഡിയോയുടെ ഡയറക്ടർ ജനറൽ ജാബർ മുഹമ്മദ് അൽ സുറൂറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് യോഗത്തിൽ സംബന്ധിച്ചത്.
2027-ൽ നടക്കാനിരിക്കുന്ന 27-ാമത് അറബ് റേഡിയോ ആന്റ് ടെലിവിഷൻ ഫെസ്റ്റിവലിന്റെ മുന്നോടിയായുള്ള മത്സരവിഭാഗങ്ങളും മറ്റ് തയ്യാറെടുപ്പുകളും യോഗം വിലയിരുത്തി. കൂടാതെ ഫലസ്തീൻ ജനതയ്ക്കുള്ള പിന്തുണയും ജെറുസലേമിന്റെ പ്രതിരോധവും പ്രമേയമാക്കി വരും നവംബർ 29-ന് നടത്തുന്ന പ്രത്യേക മാധ്യമദിന പരിപാടിയിൽ ഫലസ്തീൻ റേഡിയോയുമായി സഹകരിച്ച് പ്രധാന സംപ്രേക്ഷണ പങ്കാളിയായി ഖത്തർ റേഡിയോയെ തിരഞ്ഞെടുത്തു.
2027 ഫെബ്രുവരി 13-ന് ആഘോഷിക്കുന്ന ലോക റേഡിയോ ദിനത്തിലും ഖത്തർ റേഡിയോ തന്നെയാകും പ്രധാന സംപ്രേക്ഷണ കേന്ദ്രം. ഡിജിറ്റൽ മാധ്യമ രംഗത്തെ പുതിയ മാറ്റങ്ങൾ, റേഡിയോ ഉള്ളടക്കങ്ങളുടെ സുരക്ഷ, ബൗദ്ധിക സ്വത്തവകാശ സംരക്ഷണം എന്നിവയും യോഗം വിശദമായി ചർച്ച ചെയ്തു.










